ബെംഗളൂരുവിൽ മലയാളി അഭിഭാഷകയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര സ്വദേശിയും അഭിഭാഷകനുമായ 38-കാരനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
അങ്കമാലി സ്വദേശിനിയായ അനുഷ ജോയിയെ ബെംഗളൂരുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുടുംബം ദുരൂഹത ആരോപിച്ച് പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ അനുഷയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ തൻ്റെ മരണത്തിന് ചിലർ ഉത്തരവാദികളാണെന്ന് പരാമർശിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. പ്രതിയെ ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു.
കൊച്ചിയിൽ ഒരുമിച്ച് അഭിഭാഷക സ്ഥാപനം നടത്തിയിരുന്നവർക്കിടയിലെ തർക്കങ്ങളും മാനസിക പീഡന ആരോപണങ്ങളുമാണ് കേസിൽ പൊലീസ് വിശദമായി പരിശോധിക്കുന്നത്. മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.