ദക്ഷിണ ബെംഗളൂരുവിലെ വജരഹള്ളിയിൽ നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ 40കാരിയായ അമ്മ ഉമാദേവിക്കെതിരെ പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയശേഷം ഉമാദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
സെപ്റ്റംബർ ഒന്നിന് ഉച്ചയോടെയായിരുന്നു സംഭവം. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവ് രാമലിംഗപ്പ വീട്ടിലെത്തിയപ്പോൾ ഒരു മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്നപ്പോൾ ഉമാദേവിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിക്കുള്ളിൽ ഇരട്ട പെൺകുഞ്ഞുങ്ങളെയും മരിച്ച നിലയിൽ കണ്ടെത്തി. ഉമാദേവിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞുങ്ങൾ വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.
രാമലിംഗപ്പയും ഉമാദേവിയും 2002ലാണ് വിവാഹിതരായത്. ഏറെ വർഷം കുട്ടികളില്ലാതിരുന്നതിനെ തുടർന്ന് ഐവിഎഫ് ചികിത്സയിലൂടെയാണ് ഇരട്ട പെൺകുഞ്ഞുങ്ങൾ ജനിച്ചത്. 2026 മേയ് അഞ്ചിനായിരുന്നു കുട്ടികളുടെ ജനനം. കുട്ടികൾ ജനിച്ച് ഏകദേശം ഒന്നര മാസത്തിന് ശേഷം ഉമാദേവിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ഭർത്താവിൻ്റെ പരാതിയിൽ പറയുന്നു. കുട്ടികളെ ആശ്രമത്തിലേക്ക് അയക്കണമെന്ന് അവർ പലതവണ പറഞ്ഞിരുന്നതായും കുടുംബം പൊലീസിനെ അറിയിച്ചു.
പ്രസവത്തിന് പിന്നാലെ ഉണ്ടായ പ്രസവാനന്തര വിഷാദവും ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണം ഉമാദേവി മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിംഹാൻസിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ ലഭിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ തളഘട്ടപുര പൊലീസ് അന്വേഷണം തുടരുകയാണ്.