തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘ആഗോള മലയാളിയുടെ മാറുന്ന ജീവിതം’ എന്ന വിഷയത്തിൽ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. ആഗോള ജീവിതം മലയാളിയുടെ ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമായ മാറ്റമാണെങ്കിലും, അതിനൊപ്പം സ്വന്തം ഭാഷയും സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കേണ്ടതുണ്ടെന്ന് സെമിനാർ വിഷയം അവതരിപ്പിച്ചുകൊണ്ട് അനീസ് സി.സി.ഒ. പറഞ്ഞു. സംസാരിക്കുകയും എഴുതുകയും സ്വന്തം സംസ്കാരത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവനാണ് മലയാളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്കാരത്തിൻ്റെ ‘ബാറ്റൺ’ ഇനി ഏറ്റെടുക്കേണ്ടത് പുതിയ തലമുറയാണെന്ന് ചർച്ച ഉദ്ഘാടനം ചെയ്ത ടോമി ജെ. ആലുങ്കൽ പറഞ്ഞു. ‘ആഗോള മലയാളിയുടെ മാറുന്ന ജീവിതം’ എന്ന സെമിനാർ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ജീവിതത്തിൻ്റെ ഭാഗമായി മാറുമ്പോഴും മലയാളി സ്വന്തം സംസ്കാരത്തിൽനിന്ന് അകന്നുപോകരുതെന്ന് ടോമി ജെ ആലുങ്കൽ പറഞ്ഞു. അൽഫാ തലമുറ ഉൾപ്പെടെയുള്ള പുതുതലമുറയെ സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കണം. പുതിയ തലമുറയ്ക്ക് മികച്ച രീതിയിൽ സംസാരിക്കാനും ആശയവിനിമയം നടത്താനും കഴിയുന്നുണ്ടെങ്കിലും, അവർക്ക് സംസ്കാരത്തിലേക്ക് എത്തിനോക്കാനുള്ള അവസരങ്ങൾ ഒരുക്കേണ്ടത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്വമാണ്. പൊതുവെ നിശ്ശബ്ദമായി മാറിനിൽക്കുന്ന ഈ വിഭാഗത്തെ കൂടി സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമാക്കണം. വിവിധ പരിപാടികളിലും സാംസ്കാരിക വേദികളിലും അവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മാറുന്ന മലയാളിയും ആഗോള ജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ മലയാളിയുടെ മാറുന്ന ജീവിതസാഹചര്യങ്ങളും സംസ്കാരവുമായുള്ള ബന്ധവും വിശദമായി ചർച്ച ചെയ്തു.

പി. മോഹൻദാസ് അധ്യക്ഷത വഹിച്ച സെമിനാറിലെ ചർച്ചയിൽ ആർ.വി ആചാരി, ആർ.വി.പിള്ള, പ്രഭാകരൻ.പി, ഉമേഷ് ശർമ്മ, പ്രദീപ്.പി.പി. കല്പന പ്രദീപ് സംസാരിച്ചു. സെക്രട്ടറി ശ്രീകണ്ഠൻ നായർ നന്ദി പറഞ്ഞു.

Related Posts