പ്രതിഷേധങ്ങളിൽ പങ്കെടുത്ത അധ്യാപകർക്കും കർഷകർക്കുമെതിരെ ഡിഎംകെ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പ്രതിഷേധങ്ങളെ മുൻ സർക്കാർ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം നിയമസഭയിൽ വിമർശിച്ചു.
2021 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ പ്രതിഷേധങ്ങളുടെ പേരിൽ നിരവധി അധ്യാപകർക്കും കർഷകർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. ഈ കേസുകൾ ഇപ്പോഴും തീർപ്പാകാതെ തുടരുന്നത് പ്രതിഷേധിച്ചവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരുടെയും അധ്യാപകരുടെയും ഒപ്പമാണ് തൻ്റെ സർക്കാർ നിലകൊള്ളുന്നതെന്ന് വിജയ് പറഞ്ഞു. ജനങ്ങളുടെ വിശ്വാസം വാക്കുകളിലൂടെയല്ല, പ്രവർത്തനങ്ങളിലൂടെയാണ് നേടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപ്കോട്ട് വ്യവസായ പദ്ധതിക്കും പറന്തൂർ വിമാനത്താവളത്തിനുമെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിലും കർഷകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജയ് ചൂണ്ടിക്കാട്ടി. സമാനമായി അധ്യാപകർക്കെതിരെയും നിരവധി കേസുകൾ നിലനിൽക്കുന്നുണ്ടെന്നും ഇവ പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.