പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് ജനങ്ങളോട് അഭ്യർഥിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകൾ അവഗണിക്കാതെ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളപ്പൊക്ക സാഹചര്യത്തിൽ വീടുകളുടെ ടെറസുകളിൽ അഭയം പ്രാപിക്കുന്നത് സുരക്ഷിതമല്ലെന്നും, രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇത് ഇടയാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സാഹചര്യം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ അധികൃതരുടെ നിർദേശപ്രകാരം ക്യാമ്പുകളിലേക്ക് മാറുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജലനിരപ്പ് ഉയരുന്നതിനാൽ മൂഴിയാർ ഡാം ഏത് സമയത്തും തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ പമ്പ, കക്കാട്ടാർ ഉൾപ്പെടെയുള്ള നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടൻ മാറണമെന്നും നിർദേശമുണ്ട്.
നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ടെങ്കിലും നിലവിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് തീർഥാടകർ യാത്ര മാറ്റിവയ്ക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ വിഭാഗത്തിൻ്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിച്ച് മാത്രമേ യാത്രകളും മറ്റ് പ്രവർത്തനങ്ങളും നടത്താവൂ എന്നും മന്ത്രി വ്യക്തമാക്കി.