കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് കെ.എം.ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളും സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2 പേരുടെ ആൾജാമ്യത്തിലും 25000 രൂപയും നൽകണമെന്ന വ്യവസ്ഥകളോടെയാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്.
സമാന കുറ്റകൃത്യം ചെയ്യരുത്, അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത് എന്നീ വ്യവസ്ഥകളും ജാമ്യ ഉത്തരവിൽ പറയുന്നു. അറസ്റ്റിൽ പോലീസ് നടപടിയെ ചോദ്യം ചെയ്‌തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസെടുത്ത് 3 മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട് സിഐയ്ക്ക് ആരാണ് അധികാരം നൽകിയെന്നും കേസ് എടുത്തശേഷം 3 മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്‌തുവെന്നും കോടതി ചോദിച്ചു. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു. ഇതിന് കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷനായില്ല.

Related Posts