കാവേരി നദീജല തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ബെംഗളൂരു സന്ദർശനം മാറ്റിവെച്ചതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. തൻ്റെ അഭ്യർഥന മാനിച്ചാണ് വിജയ് തീരുമാനം എടുത്തതെന്നും അദ്ദേഹത്തിൻ്റെ പക്വമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

വിജയ് രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും ഉത്തരവാദിത്തത്തോടെയും ധൈര്യത്തോടെയും തീരുമാനങ്ങൾ എടുക്കുന്ന നേതാവാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ കൂടിക്കാഴ്ച നടത്തുന്നതിന് പകരം കൂടുതൽ അനുകൂലവും സൗഹാർദ്ദപരവുമായ സാഹചര്യത്തിൽ കൂടിക്കാഴ്ച നടത്തുന്നതാണ് ഉചിതമെന്ന് താൻ നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും പരസ്പര ബഹുമാനമാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. “നാം എല്ലാവരും ഒരേ രാജ്യത്തിന്റെ ഭാഗമാണ്. അഭിപ്രായഭിന്നതകൾ സംവാദത്തിലൂടെയും സഹകരണത്തിലൂടെയും പരിഹരിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 3-നായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ കാവേരി ജലവിഷയത്തിൽ കർണാടകയും തമിഴ്‌നാടും തമ്മിലുള്ള തർക്കം ശക്തമായതോടെ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു. വിജയ് ബെംഗളൂരുവിലെത്തിയാൽ പ്രതിഷേധിക്കുമെന്ന് ചില കന്നഡ സംഘടനകൾ മുന്നറിയിപ്പ് നൽകിയ സാഹചര്യവും ഇതിന് കാരണമായി.

അതേസമയം, അടുത്ത 15 ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കാവേരി ജലനിയന്ത്രണ സമിതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയും അംഗീകരിച്ചു. എന്നാൽ സംസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമം നിലനിൽക്കുന്നതിനാൽ വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാടാണ് കർണാടക സ്വീകരിച്ചിരിക്കുന്നത്. ഇതോടെയാണ് കാവേരി ജലവിഷയത്തിൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം വീണ്ടും ശക്തമായത്.

Related Posts