പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുന്ന മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ചില പ്രധാന ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിൻ്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കേരളത്തിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവിയിലെ വികസന സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന സുപ്രധാന തീരുമാനമാണിതെന്ന് കത്തിൽ വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുമായി ആവശ്യമായ കൂടിയാലോചന നടത്താതെയാണ് റെയിൽവേ ബോർഡ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് ഡിവിഷനുമായി ചരിത്രപരമായും പ്രവർത്തനപരമായും ബന്ധമുള്ള പ്രദേശങ്ങളും സ്റ്റേഷനുകളും മറ്റൊരു റെയിൽവേ ഡിവിഷൻ്റെ പരിധിയിലേക്ക് മാറ്റുന്നത് കേരളത്തിൻ്റെ റെയിൽവേ വികസന പദ്ധതികളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടൽ. പുതിയ റെയിൽവേ ലൈനുകൾ, പാത ഇരട്ടിപ്പിക്കൽ, സ്റ്റേഷൻ വികസനം, യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കൽ തുടങ്ങിയ ഭാവി പദ്ധതികളിലും ഇതിൻ്റെ പ്രത്യാഘാതം ഉണ്ടാകാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൻ്റെ റെയിൽവേ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്തെ പ്രധാന റെയിൽവേ പദ്ധതികൾക്ക് വേഗം നൽകുന്നതിനും നിലവിലെ ഡിവിഷണൽ സംവിധാനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ഭരണപരമായ മാറ്റം നടപ്പാക്കുന്നതിന് മുമ്പ് കേരള സർക്കാരുമായി വിശദമായ ചർച്ച നടത്തണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രിയോട് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കേരളത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ റെയിൽവേ ബോർഡിൻ്റെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

Related Posts