സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
തിരുവോണ ദിനത്തിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തിരുവോണ ദിവസം യെല്ലോ അലർട്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.