താമരശേരി ട്യൂഷൻ സെൻ്റർ പരിപാടിയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ 5 വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. വ്യാഴാഴ്ച വൈകിട്ട് താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെൻ്ററിന് സമീപത്താണ് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്‌എസ്‌എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഞായറാഴ്‌ച പരിപാടിയിൽ ജിവിഎച്ച്‌എസ്‌എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് നിലച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയിരുന്നു.
ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർത്ഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർത്ഥികൾ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെൻ്ററിലെത്തി ഏറ്റുമുട്ടുകയായിരുന്നു.