കുറ്റിപ്പുറത്ത് സുഹൃത്തിൻ്റെ നിര്‍ത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ടു. മല്ലൂര്‍ക്കടവ് റോഡില്‍ തെക്കേ അങ്ങാടിയിലെ ആലുക്കല്‍ ജാഫറാണ് മരിച്ചത്. ജാഫറിൻ്റെ സുഹൃത്തായ വരിക്കപ്പുലാക്കില്‍ അഷ്‌റഫിൻ്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. അഷ്‌റഫിൻ്റെതാണ് കാര്‍. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് കരുതുന്നത്.

ജാഫറും അഷ്‌റഫും അടുത്ത സുഹൃത്തുക്കളാണെന്ന് പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിൻ്റെ കാറില്‍ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാര്‍ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാര്‍, പോര്‍ച്ചില്‍ നിര്‍ത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി.

ജാഫറിൻ്റെ വീട് ഇവിടെ നിന്ന് ഏതാനും മീറ്റര്‍ മാത്രം അപ്പുറത്താണ് . ജാഫര്‍ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. രാവിലെ ഉറക്കമുണര്‍ന്ന് വന്നു നോക്കുമ്പോഴാണ് ജാഫര്‍ കാറില്‍ ഇരിക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Related Posts