കൊച്ചിയിലെ കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച മുതൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, അസ്വസ്ഥത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ഇവരിൽ പത്തോളം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
അടുത്തടുത്ത ദിവസങ്ങളിലും ഇതേ റസ്റ്റോറന്റിൽ നിന്ന് മന്തി കഴിച്ചവർക്ക് സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ പരിശോധന നടത്തി. തുടർന്ന് സ്ഥാപനത്തിൻ്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി.
തുടർനടപടികളുടെ ഭാഗമായി ഇന്ന് രാവിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് റസ്റ്റോറന്റിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷണസാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. അതേസമയം, റസ്റ്റോറന്റിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു.