സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു; പാതി മലയാളിയായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോനും ദൗത്യത്തിൽ

പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ അനിൽ മേനോൻ ഉൾപ്പെട്ട സൊയൂസ് എംഎസ്-29 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് റോസ്കോസ്മോസ് സൊയൂസ് പേടകം വിക്ഷേപിച്ചത്. റോസ്കോസ്മോസിൻ്റെ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിൽ മേനോൻ്റെ സഹയാത്രികർ.

ഇന്ത്യൻ സമയം രാത്രി 11.26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ISS) ഡോക്ക് ചെയ്യും. തുടർന്ന് പുലർച്ചെ ഏകദേശം 1.30 ഓടെ മൂന്നംഗ സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും. എട്ട് മാസത്തോളം നീളുന്ന ദൗത്യത്തിന് ശേഷം അടുത്ത വർഷം ഏപ്രിലിലാണ് ഇവർ ഭൂമിയിലേക്ക് മടങ്ങുക. എക്സ്പെഡിഷൻ 74 ദൗത്യത്തിൻ്റെ ഭാഗമായാണ് സംഘം ഐഎസ്എസിൽ പ്രവർത്തിക്കുക.

അനിൽ മേനോൻ്റെ ബഹിരാകാശ യാത്രയ്ക്ക് പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്. അമേരിക്കയിലെ മിനിയാപൊളിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. തുടർന്ന് വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം അമേരിക്കൻ വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചു.

നാസയിൽ ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ച അനിൽ മേനോൻ, സ്പേസ്‌എക്‌സിൻ്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായിരുന്നു. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലധികം ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ആയിരത്തിലേറെ മണിക്കൂർ പറന്ന അനുഭവമുള്ള സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടറുമാണ്.

ഈ അസാധാരണമായ ശാസ്ത്രീയ മികവും സേവനപരിചയവുമാണ് നാസയുടെ 23-ാമത് ആസ്ട്രോനോട്ട് ഗ്രൂപ്പിലേക്ക് അനിൽ മേനോനെ തിരഞ്ഞെടുക്കാൻ വഴിയൊരുക്കിയത്. ഇപ്പോഴത്തെ സൊയൂസ് എംഎസ്-29 ദൗത്യം അദ്ദേഹത്തിൻ്റെ ആദ്യ ദീർഘകാല അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യമായാണ് ശ്രദ്ധ നേടുന്നത്.

Related Posts