കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഡോണൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
അടിയന്തരമായി പതിനായിരം സൈനികരെ വിന്യസിക്കുമെന്ന് മെക്‌സിക്കൻ പ്രസിഡണ്ട് ക്ലോഡിയ ഷെയിൻബോം സമ്മതിച്ചതിനെത്തുടർന്ന് മെക്‌സിക്കൻ ഉത്പന്നങ്ങൾക്ക് 25 ശ തമാനം വ്യാപാരച്ചുങ്കം ചുമത്താനുള്ള തീരുമാനം ഒരുമാസത്തേക്ക് മരവിപ്പിച്ചതായി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.വിദേശ, ധനകാര്യ, വാണിജ്യ സെക്രട്ടറിമാർ മെക്സിക്കൻ ഉന്നതതല സംഘവുമായി ഉടൻ ചർച്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിൽ ധാരണ രൂപപ്പെടുന്നതിനു കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. മെക്സിക്കൻ പ്രസിഡണ്ടുമായി സംസാരിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു. കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്കു 10 ശതമാനവും ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.