ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് എം.മനുവിന്(40) 35 വർഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കണം.

പ്രതിക്കെതിരായ രണ്ടാമത്തെ കേസിലാണ് ശിക്ഷ വിധിച്ചത്. കൂടാതെ, മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ആദ്യ കേസിലെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷമേ പുതിയ ശിക്ഷ പ്രാബല്യത്തിൽ വരൂവെന്ന് കോടതി വ്യക്തമാക്കി.

തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്രിക്കറ്റ് കോച്ചിങ് കേന്ദ്രത്തെ കേന്ദ്രീകരിച്ചായിരുന്നു പീഡന പരമ്പര. പരിശീലനത്തിൻ്റെ പേരിൽ കുട്ടിയെ ജിമ്മിലേക്കും ബാത്ത്‌റൂമിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചതായും, നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

പീഡനം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഇരകൾ വർഷങ്ങളോളം മൗനം പാലിക്കുകയായിരുന്നു. 2024-ൽ ഒരു ടൂർണമെന്റിനിടെ പ്രതിയെ വീണ്ടും കണ്ടതോടെ ഭയന്ന ഒരു പെൺകുട്ടി സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസുകൾ പുറത്തുവന്നത്.

തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായിട്ടുണ്ട്. ഒരു കേസിൽ നേരത്തെ തന്നെ ശിക്ഷ വിധിച്ചിരുന്ന കോടതി, മറ്റൊരു കേസിൽ ശനിയാഴ്ച വിധി പറയാനിരിക്കുകയാണ്.

Related Posts