മാരാരിത്തോട്ടത്ത് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശിയായ വിളയിൽ പടീറ്റതിൽ ശശി (54)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ശരണ്യ (27) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
അപകടത്തിൻ്റെ ആഘാതത്തിൽ ശശി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.