നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ചെന്താമരയ്ക്കെതിരേ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു.

6 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയത്. താനും ഭാര്യയും പിരിയാൻ കാരണം ഭാര്യയുടെ അടുത്ത സുഹൃത്തായ സജിതയാണെന്ന് വിശ്വസിച്ച ചെന്താമര, സജിതയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 ഓഗസ്റ്റ് 31നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നും ഇയാൾ വിശ്വസിച്ചു. ഇതിൻ്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്.

Related Posts