ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച് ആക്രമിച്ചെന്ന കേസിലെ 5 കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. വി വി അക്ഷയ്, ബിതുൽ ബാലൻ, സി എച്ച് മുബാസ്, അഹമ്മദ് യാസീൻ, കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എം സി അതുൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം കോടതി കേസിൽ വിശദമായ വാദം കേട്ടിരുന്നു. പ്രതികൾ മാരകായുധം ഉപയോഗിച്ച് മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ അത്തരമൊരു ആക്രമണശ്രമം അവിടെ നടന്നില്ലെന്നും ആയുധം കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും പ്രതിഭാഗം വാദിക്കുകയും ചെയ്തു.