മുഖ്യമന്ത്രി വി.ഡി. സതീശൻ മറ്റൊരു വിവാഹം കഴിച്ചെന്ന വ്യാജ ആരോപണം, ആന്റോയിൽ നിന്ന് രേഖകൾ പിടിച്ചെടുക്കണമെന്ന് പരാതി. കെ.പി.സി.സി. മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് നടപടി. ഡി.ജി.പി. കൈമാറിയ പരാതി, കേസെടുക്കണമെന്ന നിർദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിറ്റി സൈബർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്തതായുള്ള വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് റിപ്പോർട്ടൽ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ ആരോപിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ ഈ യുവാക്കളെ കണ്ടെത്തി അവർക്കെതിരേ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റോയുടെ കൈയിൽ ഇതുസംബന്ധിച്ച രേഖകളുണ്ട്. റിപ്പോർട്ടർ ടി.വി. ഓഫീസിൽ ഇവർ വന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങളുമുണ്ട്. അത് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് റിപ്പോർട്ടർ ടി.വിയിൽ നടന്ന പരിശോധന.
മുഖ്യമന്ത്രിക്കെതിരായ ഇത്തരം ഗുരുതര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസിനേയോ സർക്കാരിനേയോ വിവരമറിയിക്കാതിരുന്ന ആന്റോ അഗസ്റ്റിൻ്റെ നടപടി സംശയാസ്പദമാണെന്നും അതിലും നിയമനടപടി വേണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടർ ടി.വി.യിലും ആന്റോയുടെ കുടുംബവീട്ടിലും നടന്ന പോലീസ് റെയ്ഡിനു പിന്നാലെ ആന്റോ അഗസ്റ്റിൻ ഇന്ന് മാധ്യമപ്രവർത്തകരോടും ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നു. അന്വേഷണങ്ങളോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ജേണലിസ്റ്റിക് ആംഗിളിലുള്ള സാധനങ്ങൾ കിട്ടുകയാണ് അവരുടെ ലക്ഷ്യമെങ്കിൽ അത് കിട്ടില്ലെന്നും ആന്റോ പറഞ്ഞു.