മാസപ്പടി, ഹവാല ഇടപാട് ആരോപണങ്ങളിൽ വിജിലൻസ് കേസെടുത്തു. രണ്ട് എഫ്ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുമാണ് കേസുകൾ. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് നടപടി സ്വീകരിച്ചത്.
ആദ്യത്തെ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസുകളിലും വീണ വിജയൻ രണ്ടാം പ്രതിയാണ്.
അതേസമയം, വിജിലൻസ് കേസിനെ നിയമപരമായി നേരിടാനാണ് പിണറായി വിജയൻ്റെ നീക്കം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇന്ന് തന്നെ അപ്പീൽ സമർപ്പിച്ചേക്കും. തൻ്റെ വാദം കേൾക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന വാദം ഹർജിയിൽ ഉന്നയിക്കാനാണ് നീക്കം. എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടേക്കും.
ഉത്തരവിലെ നിരീക്ഷണങ്ങൾ തന്നെ നേരിട്ട് ബാധിക്കുന്നതാണെന്നും അവ ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്നും പിണറായി വിജയൻ കോടതിയെ അറിയിക്കുമെന്നാണ് സൂചന. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് നീക്കം. സർക്കാർ തന്നെ അപ്പീൽ നൽകേണ്ടതായിരുന്നുവെന്ന നിലപാടും രാഷ്ട്രീയ പ്രതിരോധത്തിൻ്റെ ഭാഗമായി ഉയർത്തും.