മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക ഫോൺ ഇൻ പരിപാടിയുമായി ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ. എല്ലാ ചൊവ്വാഴ്ചയും രാവിലെ 7.30 മുതൽ 9.30 വരെയാണ് പരിപാടി നടത്തുക. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൂടെ താമസക്കാർക്ക് അവസരം ലഭിക്കും.

മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ സമയക്രമം, ശുചീകരണ തൊഴിലാളികളുടെ സേവനം, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കുന്നതിലെ തടസ്സങ്ങൾ, മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ പരാതിയായി അറിയിക്കാം. സോണൽ ജോയിന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഖരമാലിന്യ സംസ്‌കരണ വിഭാഗത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജറും പങ്കെടുക്കും.

പരാതികൾ അറിയിക്കേണ്ട നമ്പറുകൾ: 080-22975936, 080-23636671, 9480685705

മാലിന്യശേഖരണവും തെരുവ് ശുചീകരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കോർപ്പറേഷൻ്റെ ഏഴ് ഡിവിഷനുകളിലും പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, മാലിന്യശേഖരണ റൂട്ടുകൾ, ഓട്ടോ ടിപ്പറുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, മാലിന്യം കുന്നുകൂടുന്ന ഇടങ്ങൾ എന്നിവ കണക്കിലെടുത്താണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നത്. വീടുതോറുമുള്ള മാലിന്യശേഖരണം ക്രമപ്പെടുത്തുകയും മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

Related Posts