കേരളത്തിൽ നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിൻ സർവീസുകളാണ് ഉള്ളത്. കൊച്ചി – ബെംഗളൂരു, കാസർഗോഡ് – തിരുവനന്തപുരം, മംഗളൂരു – തിരുവനന്തപുരം, എന്നിവയാണ് ഇവ. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പുതിയ സർവ്വീസ് വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അടുത്തിടെ ആരംഭിച്ച കൊച്ചി-ബെംഗളൂരു ട്രെയിനിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സീറ്റ് കിട്ടാത്ത സാഹചര്യമാണ് പലപ്പോഴും. എട്ട് കോച്ചുകളാണ് ഇതിൽ ഉള്ളത്. 20 കോച്ചുകളായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. കൊച്ചി-ബെംഗളൂരു ട്രെയിൻ പാലക്കാട് -കോയമ്പത്തൂർ വഴിയാണ് ബെംഗളൂരിലേക്ക് വരുന്നത്. ആയതിനാൽ ഉത്തരമലബാറിലുള്ളവർക്ക് ബെംഗളൂരിലേക്ക് പോകാൻ ആശ്രയിക്കുന്നത് എക്സ്പ്രസ് ട്രെയിനുകളെയാണ്. കോഴിക്കോട് നിന്ന് ബെംഗളൂരിലേക്ക് വന്ദേഭാരത് എത്തുന്നത് വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന ദക്ഷിണ റയില്‍വേ റയില്‍വേ യൂസേഴ്സസ് കണ്‍സള്‍ട്ടീവ് കമ്മിറ്റിയിൽ ഈ ആവശ്യം ഉയർന്നിരുന്നു. അതേസമയം പാതയിലെ പ്രധാന തടസം സേലം-കോയമ്പത്തൂർ റൂട്ട് ആണ്. പാളത്തിൻ്റെ ശേഷിയുടെ ഇരട്ടിയിലധികം ഇപ്പോൾതന്നെ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന സാങ്കേതിക തടസം ഉണ്ട്.
പുതിയ ട്രെയിൻ അല്ലെങ്കിൽ ഗോവ – മാംഗളൂരു വന്ദേഭാരത് കോഴിക്കോടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഗോവയിൽ നിന്നുള്ള എം.പിയായ സദാനന്ദ ഷെട്ട് തനവാദെയും ഇക്കാര്യം രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ട്രെയിനിൻ്റെ യാത്ര. ഈ സർവ്വീസ് കോഴിക്കോടേക്ക് നീട്ടുകയാണെങ്കിൽ യാത്രക്കാർക്ക് പ്രയോജനപ്പെടും.