പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത്നിന്ന് കൊയിലാണ്ടി പൊലീസ് സാഹസികമായി പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് പിടികൂടിയത്. തമിഴ്നാട്ടിൽ വധശ്രമം, മോഷണം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി.
കോഴിക്കോടുള്ള ബന്ധുവിൻ്റെ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് 13കാരിയെ ബലാത്സംഗം ചെയ്തത്. ഇതിനുശേഷം പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ചെറുത്തുനിൽപ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കൽ പൊലീസിൻ്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.