കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിൻ്റെ ‘ബെയിൽ (Bail)’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. ശിവരാജ് കുമാറിൻ്റെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ ‘ബെയിൽ’ എന്ന ചിത്രത്തിൻ്റെ പ്രമോഷനിടെയായിരുന്നു സംഭവം. തിയറ്ററിലേക്ക് പ്രവേശിക്കുന്നതിനിടെ താരത്തിന് സമീപത്തായി പടക്കം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെയും ശിവരാജ് കുമാർ പ്രമോഷൻ പരിപാടി തുടർന്നു. ആരാധകരുമായും തിയറ്റർ അധികൃതരുമായും അദ്ദേഹം സംസാരിച്ചു.
ചിത്രത്തിൻ്റെ പ്രമോഷൻ ടൂറിൻ്റെ ഭാഗമായി ‘ബെയിൽ’ ടീമാണ് ചിത്രദുർഗയിലെ ബസ്വേശ്വര തിയറ്ററിലെത്തിയത്. ശിവരാജ് കുമാറിനെ കാണാൻ വൻ ജനക്കൂട്ടം എത്തിയിരുന്നു. തിയറ്ററിലേക്ക് പ്രവേശിക്കുന്നതിനിടെ പെട്ടെന്ന് പടക്കം പൊട്ടുകയായിരുന്നു. തീപ്പൊരികൾ ശരീരത്തിന് സമീപത്തേക്ക് പാഞ്ഞെത്തിയതോടെ താരം ഉടൻ മുഖവും തലയും കൈകൊണ്ട് മറച്ചു. പിന്നാലെ സംഘാംഗങ്ങൾ അദ്ദേഹത്തിന് ചുറ്റും സംരക്ഷണം ഒരുക്കി.
സംഭവത്തിന് ശേഷം ശിവരാജ് കുമാർ മുഖത്തും തലയിലും കൈകൊണ്ട് തട്ടിനോക്കുന്നതും സമീപത്തുള്ളവർ അദ്ദേഹത്തെ പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തിന് ശേഷവും താരം പരിപാടി തുടരുകയായിരുന്നു. സംഭവത്തിൽ ആരാധകർ ആശങ്ക പ്രകടിപ്പിക്കുകയും തിയറ്ററിലെ സുരക്ഷാ ക്രമീകരണങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു.