കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 50ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമൻ എന്ന് വിളിപ്പേരുള്ള ബാഹുലേയൻ പിടിയിൽ. പലയിടങ്ങളിൽനിന്ന് വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. വട്ടിയൂർക്കാവ് സ്വദേശിയായായ കല്യാണ രാമൻ ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്, വിജയന് തുടങ്ങി വ്യത്യസ്ത പേരുകളിലാണ് പലയിടത്തും അറിയപ്പെട്ടിരുന്നത്.
വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും വശീകരിച്ച് കല്യാണം കഴിച്ച് വീടെടുത്ത് താമസിച്ച ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. നീലേശ്വരത്ത് ഒരു സ്ത്രീയുമായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.