സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ ചൂഷണങ്ങൾക്കുമെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ പുതിയ പദ്ധതിയായ ‘ക്ലിക്ക്’ (CLICK) ആരംഭിച്ചു. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നടൻ മമ്മൂട്ടിയെ പദ്ധതിയുടെ ക്യാപ്റ്റനായി മന്ത്രി പ്രഖ്യാപിച്ചു. സമീപകാലത്ത് സൈബർ ബുള്ളിയിങ്ങിന് ഇരയായ വ്യക്തി കൂടിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സൈബർ സുരക്ഷയെക്കുറിച്ചുള്ള അറിവ് എല്ലാവർക്കും ആവശ്യമാണെന്ന് മമ്മൂട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണം. കുട്ടികൾ കരയുമ്പോൾ അവരെ ആശ്വസിപ്പിക്കാൻ മൊബൈൽ ഫോൺ നൽകുന്ന ശീലം ശരിയല്ലെന്നും ഇത് ചെറുപ്രായത്തിൽത്തന്നെ ഫോൺ അഡിക്ഷനിലേക്ക് നയിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആറോ ഏഴോ മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോലും കരച്ചിൽ മാറ്റാൻ ഫോൺ നൽകുന്ന പ്രവണതയുണ്ട്. ക്രമേണ കുട്ടികൾ മാതാപിതാക്കളുടെ ഫോണുകൾ ഉപയോഗിക്കുകയും മുതിർന്നവർ കാണുന്ന അനുചിതമായ ദൃശ്യങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്യാം. അതിനാൽ കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള നിയന്ത്രിതമായ ഡിജിറ്റൽ ഉപകരണങ്ങൾ മാത്രമേ നൽകാവൂ. ഇന്റർനെറ്റ് വിദ്യാഭ്യാസവും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗവും ഉചിതമായ പ്രായത്തിൽ ആരംഭിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

‘ക്ലിക്ക്’ പദ്ധതിയുടെ ഭാഗമാകാൻ വിദ്യാർഥികളോടും പൊതുജനങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. സൈബർ ലോകത്ത് വ്യാജ തിരിച്ചറിയലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവരും മുഖം മറച്ചും അല്ലാതെയും മറ്റുള്ളവരെ ലക്ഷ്യമിടുന്നവരും നിരവധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമിതബുദ്ധിയുടെ കാലത്ത് വ്യാജ വീഡിയോ കോളുകളിലൂടെയും മറ്റും തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ അപരിചിതമായ സന്ദേശങ്ങളോടും കോളുകളോടും ജാഗ്രത പുലർത്തണം.

സംശയാസ്പദമായ സാഹചര്യങ്ങളിൽ സൈബർ സെല്ലുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരായി ഓരോ വിദ്യാർഥിയും മാറണം. അവരുടെ പ്രവർത്തനങ്ങളും ഇടപെടലുകളും നാളത്തെ സുരക്ഷിത സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നും സൈബർ സുരക്ഷ ഉറപ്പുള്ള കേരളം കെട്ടിപ്പടുക്കാൻ എല്ലാവരും കൈകോർക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

Related Posts