തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സി.ജോസഫ് വിജയ് നേരിടുന്ന ആദ്യ വലിയ രാഷ്ട്രീയ വെല്ലുവിളിയായി കാവേരി നദീജല തർക്കം മാറിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഡിഎംകെ സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.

എന്നാൽ സർവകക്ഷി യോഗം അനിവാര്യമല്ലെന്നാണ് ടിവികെ സർക്കാരിൻ്റെ നിലപാട്. കാവേരി വിഷയം നിയമസഭയിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും, പ്രതിപക്ഷം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് വിവാദം ഉയർത്തുന്നതെന്നും ടിവികെ നേതാവ് സി.ടി.ആർ. നിർമ്മൽ കുമാർ ആരോപിച്ചു. മുഖ്യമന്ത്രി വിജയിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനാണ് ഡിഎംകെയുടെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, കാവേരി വിഷയത്തിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കാത്തതിനെതിരെ ഡിഎംകെ പ്രതിഷേധം ശക്തമാക്കി. തഞ്ചാവൂരിൽ കർഷകരെ അണിനിരത്തിയുള്ള വൻ പ്രതിഷേധ സമ്മേളനം ഇന്ന് നടക്കും. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇതിനിടെ, കാവേരി ജലവിതരണ വിഷയത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കർണാടക 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെടും.

എന്നാൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാവില്ലെന്ന നിലപാടിൽ കർണാടക ഉറച്ചുനിൽക്കുകയാണ്. കാവേരി ജലവിഹിത തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇരുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ സജീവമായിരിക്കുകയാണ്.

Related Posts