ബെംഗളൂരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന കേസിൽ പ്രധാന സൂത്രധാരൻ പിടിയിൽ. മൂത്തേടം സ്വദേശി അൻവറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ രണ്ട് പേർ പിടിയിലായിരുന്നു.

ജൂലൈ 25ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കടവ് ആനമറി ചെക്ക്‌പോസ്റ്റിൽ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ 100 ഗ്രാം എംഡിഎംഎയുമായി എളങ്കൂർ മണ്ണാത്തി കൈതകത്ത് സൈഫുദ്ദീൻ, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ പിടികൂടുകയായിരുന്നു.

ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് അൻവറിൻ്റെ നിർദേശപ്രകാരമാണ് ബെംഗളൂരുവിൽ നിന്ന് എത്തിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. എംഡിഎംഎ വാങ്ങുന്നതിനുള്ള പണം മുടക്കിയതും ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് സംഘടിപ്പിച്ച് നൽകിയതും അൻവറാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഞായറാഴ്ച പത്തിരിയാൻ വട്ടപ്പറമ്പിലുള്ള വീട്ടിൽ നിന്ന് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts