സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുന്നതടക്കമുള്ള കേന്ദ്രസർക്കാരിൻ്റെ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മാർച്ച് പിൻവലിച്ചതെന്ന് സിജെപി വ്യക്തമാക്കി.
സിജെപിക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വിവിധ കേസുകൾ സുപ്രീം കോടതി റദ്ദാക്കി. കേന്ദ്രസർക്കാരിൻ്റെ ഹർജിയിലായിരുന്നു നടപടി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേർക്കെതിരായ കേസുകൾ തുടരും.
ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് കോടതി റദ്ദാക്കിയത്. സുപ്രീം കോടതിയുടെ പരിഗണനയിൽ വരാത്ത സമാന കേസുകളിലെ നടപടികളും അവസാനിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതും പിന്നീട് നടത്തിയ പുനഃപരീക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രത്തിൻ്റെ നടപടിയിൽ സംതൃപ്തിയുണ്ടെന്ന് സിജെപി സഹകൺവീനർ സൗരവ് ദാസ് പറഞ്ഞു.
സെപ്റ്റംബർ 5ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനായിരുന്നു സിജപിയുടെ തീരുമാനം. ഓഗസ്റ്റ് 24നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം നേരിട്ടവരും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങളും മാർച്ചിന് നേതൃത്വം നൽകുമെന്ന് സിജെപി അറിയിച്ചിരുന്നു.
സിജെപി മാർച്ച് പിൻവലിച്ച തീരുമാനത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്ത് സ്വാഗതം ചെയ്തു.