കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ഇന്ന് നിശ്ചയിക്കുന്നത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് രാവിലെ 10.30-നും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30-നുമാണ് നടക്കുക.
പലയിടത്തും മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ വിമതരുടെയും സ്വതന്ത്രരുടെയും നിലപാടുകൾ നിർണ്ണായകമാകും. വോട്ടെടുപ്പിൽ പരസ്യമായ കൂറുമാറ്റത്തിന് സാധ്യതയുള്ള ഇടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ വിപ്പ് നൽകിയിട്ടുണ്ടെങ്കിലും, അപ്രതീക്ഷിത അട്ടിമറികൾ പലയിടത്തും ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ടുകൾ.