ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഹെയ്തിക്കെതിരെ ബ്രസീൽ ആദ്യ പകുതിയിൽ തന്നെ ആധിപത്യം സ്ഥാപിച്ചു. ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്രസീൽ ഹാഫ് ടൈം അവസാനിക്കുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ലീഡാണ് സ്വന്തമാക്കിയത്. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഇന്ന് മികച്ച വിജയം അനിവാര്യമാണ്.
ഇരട്ട ഗോൾ നേടിയ മത്തെയോസ് കൂന്യയാണ് ബ്രസീലിൻ്റെ ആദ്യ രണ്ട് ഗോളുകൾ നേടിയത്. വിനീസ്യൂസ് ജൂനിയറാണ് മൂന്നാം ഗോൾ നേടിയത്. 23-ാം മിനിറ്റിലാണ് മത്തെയോസ് കുന്യ ബ്രസീലിൻ്റെ ആദ്യ ഗോൾ നേടിയത്. 36-ാം മിനിറ്റിൽ കുന്യ ലീഡുയർത്തി. ആദ്യ പകുതിയുടെ അധിക സമയത്താണ് (45+3) വിനീസ്യൂസ് ജൂനിയർ മൂന്നാം ഗോൾ നേടിയത്.
മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ ഹെയ്തി പ്രതിരോധത്തിന് മേൽ സമ്മർദം ചെലുത്തിയ ബ്രസീൽ നിരന്തരം അവസരങ്ങൾ സൃഷ്ടിക്കുകയും അതിൽ മൂന്ന് എണ്ണം ഗോളാക്കി മാറ്റുകയും ചെയ്തു. പന്തടക്കത്തിലും ആക്രമണങ്ങളിലും വ്യക്തമായ മേൽക്കൈ നേടിയ സെലസാവോ എതിരാളികൾക്ക് കാര്യമായ അവസരങ്ങൾ നൽകാതെയാണ് ആദ്യ പകുതി പൂർത്തിയാക്കിയത്.
ആദ്യ മത്സരത്തിലെ നിരാശ മാറ്റിവെച്ച് വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് ബ്രസീലിൻ്റെ ശ്രമം. മറുവശത്ത്, മൂന്ന് ഗോളിന് പിന്നിലായ ഹെയ്തിക്ക് രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തേണ്ട വെല്ലുവിളിയാണ് മുന്നിലുള്ളത്.