ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് പിഴ കുടിശിക 50 ശതമാനം ഇളവോടെ അടയ്ക്കുന്നതിനായി ബെംഗളൂരുവിൽ വിവിധ ഭാഗങ്ങളിൽ ട്രാഫിക് പൊലീസ് പ്രത്യേക കൗണ്ടറുകൾ ആരംഭിക്കുന്നു. നാളെ മുതൽ ജൂലൈ 10 വരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാകുക.

ഓൺലൈൻ സംവിധാനത്തിലൂടെയും ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ നേരിട്ടെത്തിയും പിഴ അടയ്ക്കാൻ സൗകര്യമുണ്ടാകും. ഇതിന് പുറമെ പൊതുജനങ്ങളുടെ സൗകര്യാർത്ഥം നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിലും താൽക്കാലിക കൗണ്ടറുകൾ പ്രവർത്തിക്കും. സർക്കാരിന് ലഭിക്കാനുള്ള ട്രാഫിക് പിഴ കുടിശിക 2,827 കോടി രൂപയിലധികമാണെന്നാണ് കണക്ക്. കുടിശിക പിഴകൾ വേഗത്തിൽ പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ് പദ്ധതി നടപ്പാക്കുന്നത്.

ജാലഹള്ളി ക്രോസ്, ഹെബ്ബാൾ ജംഗ്ഷൻ, ഹെന്നൂർ ജംഗ്ഷൻ, ദേവസാന്ദ്ര ജംഗ്ഷൻ, കുന്ദലഹള്ളി ജംഗ്ഷൻ, മൈസൂരു ബാങ്ക് ജംഗ്ഷൻ, സുമനഹള്ളി ജംഗ്ഷൻ, ബി.എച്ച്.ഇ.എൽ ജംഗ്ഷൻ, സാഗർ ജംഗ്ഷൻ, ആർ.ടി.ഒ ഓഫീസ് എന്നിവ ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കുന്നത്.

Related Posts