ബെംഗളൂരുവിലെ വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ച രാവിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം. പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറോളം വീടുകൾക്ക് സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായി.രക്ഷാപ്രവർത്തനം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
അടുത്തടുത്ത് വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനമെങ്കിലും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. മൂന്നംഗകുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. രാവിലെ ഗൃഹനാഥൻ ജോലിയ്ക്ക് പോയിരുന്നു. ഭാര്യയും കുഞ്ഞുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്.