സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമ്മിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. രവിക്ഷ, ജാൻവി റായല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
മടിക്കേരിയിലും ചുറ്റുപാടുകളിലും 30 ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ഏറെ വൈകാരികമായ ആഴമുള്ള കഥ പറയുന്ന ചിത്രം, അതോടൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്.
അതിജീവനം, വഞ്ചന, അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയാൽ രൂപപ്പെട്ട ഒരു മനുഷ്യന്‍റെ ആഴത്തിലുള്ള വ്യക്തിപരമായ യാത്രയാണ് “പീറ്റർ” അവതരിപ്പിക്കുന്നത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ സുകേഷ് ഷെട്ടിയാണ്. റാം നാദഗൗഡ്, പ്രതിമ നായക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.