റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ തോത് ഓഗസ്റ്റിൽ ഇന്ത്യ കുത്തനെ ഉയർത്തി. ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇന്ത്യ പ്രതിദിനം ഏകദേശം 52 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് റഷ്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌തത്. ഇതിൽ 38 ശതമാനത്തോളം റഷ്യയിൽ നിന്നായിരുന്നുവെന്ന് ഗ്ലോബൽ റിയൽ ടൈം ഡാറ്റ അനലിറ്റിക്‌സ് പ്രൊവൈഡറായ കെപ്ലർ പറയുന്നു.
പ്രതിദിനം 16 ലക്ഷം ജൂലൈയിൽ ബാരലായിരുന്നു ഇന്ത്യൻ കമ്പനികൾ വാങ്ങിയിരുന്നത്. ഓഗസ്റ്റിൽ ഇത് 20 ബാരലായി ഉയർന്നു. റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിലുണ്ടായ ഈ വർദ്ധന സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് വാങ്ങുന്നത് കുറയാനും ഇടയാക്കി.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഇറക്കുമതിയിലെ ഈ വർദ്ധന. നയപരമായ മാറ്റങ്ങൾക്ക് മുമ്പു തന്നെ ജൂണിലും ജൂലൈ ആദ്യത്തിലും ഓഗസ്റ്റിലെ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.