തൃശൂർ തൃപ്രയാറിൽ കാറിൽ യാത്ര ചെയ്തിരുന്നവരെ ആക്രമിച്ച് 16 ലക്ഷത്തിലേറെ രൂപ കവർന്നതായി പരാതി. തൃപ്രയാർ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. മറ്റൊരു കാറിലെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി ആക്രമണം നടത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതിക്കാർ പൊലീസിനെ അറിയിച്ചത്.

കാറിന്റെ ചില്ല് തകർത്ത ശേഷം മുളക് സ്പ്രേ പ്രയോഗിച്ചാണ് അക്രമിസംഘം പണം കവർന്നതെന്ന് പരാതിയിൽ പറയുന്നു. പാലക്കാട് സ്വദേശികളായ യാത്രക്കാരാണ് ആക്രമണത്തിനിരയായത്.

സംഭവവിവരം ലഭിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരാതിക്കാരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ്, അവർ തൃപ്രയാറിലെത്തിയതിൻ്റെ ഉദ്ദേശ്യവും ഇത്രയും വലിയ തുക കൈവശം സൂക്ഷിച്ചതിൻ്റെ കാരണവും പരിശോധിച്ചുവരികയാണ്.

അക്രമിസംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ്, പരാതിക്കാർ പണവുമായി എത്തുന്ന വിവരം മുൻകൂട്ടി ആരെങ്കിലും അറിഞ്ഞിരുന്നോയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.

Related Posts