നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) ഇന്ന് ദില്ലിയിലെ ജന്തർ മന്തറിൽ രണ്ടാംഘട്ട പ്രതിഷേധം സംഘടിപ്പിക്കും. സമരത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകർ പ്ലേറ്റും സ്പൂണും കൈവശം കരുതണമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിൻ്റെ പ്രധാന മുദ്രാവാക്യം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർ പ്ലേറ്റും സ്പൂണുമായി എത്തണമെന്ന നിർദേശം ദീപ്കെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് അറിയിച്ചത്.

2020-ൽ കോവിഡ് കാലത്ത് മുൻനിര പ്രവർത്തകരോടുള്ള ആദരസൂചകമായി പാത്രങ്ങൾ കൊട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് സിജെപിയുടെ പുതിയ പ്രതിഷേധരീതി. പാത്രങ്ങൾ കൊട്ടിയുള്ള പ്രതിഷേധം പിന്നീട് രാജ്യത്ത് വിവിധ വിഷയങ്ങളിൽ ജനശ്രദ്ധ നേടിയ സമരമാർഗമായി മാറിയിരുന്നു.

ആദ്യഘട്ട പ്രതിഷേധത്തിന് പിന്നാലെ രണ്ടാഴ്ചയ്ക്കുശേഷമാണ് ജന്തർ മന്തറിൽ വീണ്ടും സമരം സംഘടിപ്പിക്കുന്നത്. പരിപാടിക്ക് ദില്ലി പൊലീസിൻ്റെ അനുമതി ലഭിച്ചതായും പാർട്ടി നേതൃത്വം അറിയിച്ചു.

അതേസമയം, നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച നടക്കാനിരിക്കുകയാണ്. മെയ് 3-ന് നടന്ന പരീക്ഷയിൽ 22 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തിരുന്നുവെങ്കിലും ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടിവന്നു. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രിൽ നടത്തും.

Related Posts