ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറംഗ പണനയ സമതിയുടെ (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിനൊടുവിലാണ് ഏറ്റവും പുതിയ പണനയം പ്രഖ്യാപിച്ചത്. രാജ്യത്ത് വിതരണം ചെയ്തിട്ടുള്ള വായ്പകളെ നേരിട്ട് സ്വാധീനിക്കാൻ ശേഷിയുള്ള റിപ്പോ നിരക്കിൽ, 25 അടിസ്ഥാന പോയിൻ്റ് (ബിപിഎസ്) അഥവാ കാൽ ശതമാനം (0.25%) കുറവ് വരുത്തിയതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
മുംബൈയിൽ ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെയായിരുന്നു പണനയ സമതിയുടെ യോഗം. അഞ്ച് വർഷത്തിനിടയിൽ ഇതു ആദ്യമായാണ് റിപ്പോ നിരക്കുകളിൽ കുറവ് വരുത്താൻ റിസർവ് ബാങ്ക് തയ്യാറാകുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്നും 6.25 ശതമാനമായി താഴ്ന്നു. റിപ്പോ നിരക്കിൽ ഇളവ് നൽകാനുള്ള റിസർവ് ബാങ്കിൻ്റെ തീരുമാനം വായ്പ എടുത്തിട്ടുള്ള കോടിക്കണക്കിന് ആളുകൾക്ക് ഏറെ ആശ്വാസകരവും പലിശ ഭാരം കുറയുന്നതിനും സഹായിക്കും.
രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയർന്നതിനെ തുടർന്ന് 2022 മേയ് മാസത്തിനും 2023 ഫെബ്രുവരിക്കും ഇടയിലുള്ള താരതമ്യേന ചെറിയ കാലയളവിനിടെ റിപ്പോ നിരക്കിൽ 2.5 ശതമാനം വർധന റിസർവ് ബാങ്ക് നടപ്പാക്കിയിരുന്നു.