കൊച്ചി അതിരപ്പിള്ളിയിൽ നിന്ന് ചികിത്സിക്കാനായി മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പൻ്റെ മരണത്തിൽ തലച്ചോറിനും അണുബാധയേറ്റിരുന്നു വെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു.
ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ആനകൾ തമ്മിലുള്ള പോരിനിടെ കൊമ്പ് കൊണ്ട് മുറിവേറ്റതാകാം എന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച പകൽ 12ഓടെയാണ് കോടനാട് അഭയാരണ്യത്തിൽ കൊമ്പൻ ചരിഞ്ഞത്.
തുടർന്ന് വൈകുന്നേരം 3 ന് മണ്ണുത്തിയിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാർ അടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ആനപരിപാലന കേന്ദ്രത്തിന് സമീപത്തെ വനപ്രദേശത്ത് രാത്രി 12 ഓടെ ആനയുടെ മൃതദേഹം സംസ്കരിച്ചു.