വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശാവർക്കർമാരുടെ സമരത്തിന് മുഖ്യമന്ത്രി തന്നെ പരിഹാരം കാണണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആശാവർക്കർമാരുടെ സമരപന്തലിലെത്തി അവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ അരമണിക്കൂർകൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്ന് ചെന്നിത്തല പ്രതികരിച്ചു. ‘ആശാവർക്കർമാരുടേത് ജീവിക്കാനുള്ള സമരമാണ്. മറ്റുള്ളവർക്ക് സർക്കാർ കൊടുക്കുന്നതുപോലെ ഈ പാവങ്ങൾക്ക് വാരിക്കോരി ഒന്നും കൊടുക്കേണ്ട. എന്നാൽ വയറു നിറയ്ക്കാനെങ്കിലും ഉള്ളത് കൊടുക്കണം.

പതിമൂന്ന് ദിവസമായി നടക്കുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രി ക്രൂരനാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതികാരവും ഭീഷണിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ അതിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ആശാപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. വിരമിക്കൽ ആനുകൂല്യം നൽകുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Related Posts