ദിലീപിനെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചന നൽകി പ്രോസിക്യൂഷൻ. വിധി പരിശോധിച്ച ശേഷം അപ്പീൽ പോകുമെന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി അജകുമാർ പറഞ്ഞത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനാണെന്ന് കോടതി വിധി പുറത്തു വന്നിരുന്നു. പുറമേ കേസിലെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.

കേസിൽ വിധി പഠിച്ച ശേഷം കൂടുതൽ അഭിപ്രായങ്ങൾ പറയും. സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്ക്കൊപ്പമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ ബി സന്ധ്യ പ്രതികരിച്ചു. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയ്ക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. മുന്നോട്ടുള്ള നീക്കത്തിന് അതിജീവിതയ്ക്കൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Related Posts