ഓണത്തോടനുബന്ധിച്ച് ലോട്ടറി തൊഴിലാളികൾക്കുള്ള ഉത്സവ ബത്ത 1,000 രൂപ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ ലോട്ടറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും വർധിപ്പിച്ച ആനുകൂല്യം ലഭിക്കും. ഇതിനായി സർക്കാർ 26.47 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പുതിയ തീരുമാനപ്രകാരം ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 8,500 രൂപയും പെൻഷൻകാർക്ക് 3,750 രൂപയും ഉത്സവ ബത്തയായി ലഭിക്കും. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് ഈ വർധന നടപ്പാക്കിയതെന്നും ചരിത്രത്തിലാദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ തോതിൽ ബത്ത വർധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി.

അതേസമയം, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ 2026 ടിക്കറ്റുകളുടെ വിൽപ്പനയും ആരംഭിച്ചു. വിൽപ്പനയുടെ ആദ്യ ദിവസം തന്നെ 8,72,540 ടിക്കറ്റുകൾ വിറ്റഴിച്ചതായി അധികൃതർ അറിയിച്ചു. ഓണക്കാലത്ത് റെക്കോർഡ് വിൽപ്പന പ്രതീക്ഷിക്കുന്നതായും ലോട്ടറി വകുപ്പ് അറിയിച്ചു.

Related Posts