മകളെ ബസിൽ കയറ്റിവിട്ട ശേഷം സ്കൂട്ടറിലേക്കു മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് 48-കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സൻ്റെ ഭാര്യ സിന്ധു (48)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. ചാലക്കുടിയിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട് വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചത്. തുടർന്ന് ബസ് ദേശീയപാതയോരത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡിൽ വീണ സിന്ധുവിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങിയതായാണ് വിവരം.

അപകടസമയത്ത് ബസ് ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് വാഹനം നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക വിവരം. ചായക്കടയുടെ മുൻവശത്ത് നിന്നിരുന്ന ഒരാൾ ഓടിമാറുന്നതിനിടെ വീണ് പരിക്കേൽക്കുകയും ചെയ്തു. കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ സിന്ധുവിനെയും ഡ്രൈവറെയും നാട്ടുകാർ ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസിൽ കയറ്റിവിട്ട ശേഷം, മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനായി ബസ് സ്റ്റോപ്പിലേക്ക് പോയതായിരുന്നു സിന്ധു. കനത്ത മഴയെ തുടർന്ന് സ്കൂട്ടർ സമീപത്തെ റോഡരികിൽ നിർത്തിയ ശേഷമാണ് അവർ നടന്നു പോയത്. പുതുക്കാട് സ്റ്റാൻഡിൽ നിന്നാണ് ബസ് സർവീസ് ആരംഭിച്ചതിനാൽ ഒരു യാത്രക്കാരി മാത്രമാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts