എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് എന്തിനാണ് ഇത്രയും തിടുക്കത്തിൽ സ്ഥാനക്കയറ്റം നൽകിയതെന്ന് കോടതി ചോദിച്ചു. സ്ഥാനക്കയറ്റം ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും സർക്കാർ നിലപാടിൽ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ബോഡി ബിൽഡർമാർക്ക് ഇൻസ്പെക്ടർ നിയമനം നൽകുന്നതിൽ എസ്. ശ്രീജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണവുമായി കെ.എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. അന്നത്തെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായിരുന്ന ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയിൽ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ആഭ്യന്തര-വിജിലൻസ് വകുപ്പിൻ്റെ അനുമതി തേടിയെങ്കിലും അത് ലഭിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. മുൻ ആഭ്യന്തര സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയും ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലവും ശ്രീജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഹർജിയിൽ പറയുന്നു.
പരാതിയിൽ അന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കാൻ സർക്കാരിന് അനുവദിച്ച രണ്ടാഴ്ചത്തെ സമയം അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി വിഷയത്തിൽ കടുത്ത വിമർശനം ഉന്നയിച്ചത്. എഡിജിപിയിൽ നിന്ന് ഡിജിപിയായി ഉയരുമ്പോൾ വിജിലൻസ് ക്ലിയറൻസ് ആവശ്യമല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, സ്ഥാനക്കയറ്റം പതിവ് നടപടിക്രമത്തിൻ്റെ ഭാഗമാണെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം.