ലോക രാഷ്ട്രീയം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്, റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ത്രികക്ഷി ചർച്ച പൂർത്തിയായി. ചൈന ആതിഥ്യം വഹിക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് ഇടയിൽ ത്രികക്ഷി ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു. ആണവായുധ നിയന്ത്രണം, യുക്രെയ്ൻ-ഇറാൻ യുദ്ധങ്ങൾ അവസാനിപ്പിക്കൽ, വ്യാപാര ബന്ധങ്ങൾ എന്നിവയാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. പതിവുള്ള മാധ്യമ സമ്മേളനം ഇല്ലാതെയാണ് പിരിഞ്ഞത്. അടച്ച് പൂട്ടിയ മുറിയിലായിരുന്നു ചർച്ച.

“ഞങ്ങൾ ശരിക്കും ചരിത്രം സൃഷ്ടിക്കുകയാണ്. ഭൂമിയിലെ ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചും അവ ഉപയോഗിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും മാത്രമേ സാധിക്കൂ,” എന്ന പതിവ് അവകാശവാദത്തോടെയാണ് ട്രംപ് ചർച്ചയിൽ പങ്കെടുക്കാനായി എത്തിയത്.

അമേരിക്കയും റഷ്യയും തമ്മിലുള്ള ‘ബ്ലൂ സ്റ്റാർട്ട് ആണവ കരാർ ഫെബ്രുവരിയിൽ അവസാനിച്ച സാഹചര്യത്തിൽ, ചൈനയെക്കൂടി ഉൾപ്പെടുത്തി പുതിയ കരാർ വേണമെന്നാണ് ട്രംപിൻ്റെ ആവശ്യം. എന്നാൽ, 600-ഓളം ആണവായുധങ്ങൾ മാത്രമുള്ള ചൈനയ്ക്ക്, 5,000-ത്തിലധികം ആണവായുധങ്ങൾ വീതമുള്ള യുഎസിനും റഷ്യയ്ക്കുമൊപ്പം നിയന്ത്രണങ്ങൾ അംഗീകരിക്കാൻ താല്പര്യം കുറവാണ്.

ലോകസമാധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ചർച്ചയുടെ ലക്ഷ്യമെന്ന് ഷി ജിൻപിങ് വ്യക്തമാക്കി. ആണവായുധങ്ങൾ പൂർണ്ണമായും നിരോധിക്കണമെന്നും നശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയികൾ എന്ന നിലയിൽ അന്താരാഷ്ട്ര സമാധാനം നിലനിർത്താൻ മൂന്ന് രാജ്യങ്ങൾക്കും സംയുക്ത ഉത്തരവാദിത്തമുണ്ടെന്ന് പുടിനും ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി പോലുള്ള ആഗോള സംഘടനകളിൽ നിന്ന് രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്ന് ട്രംപ് അവകാശപ്പെട്ടു.

ത്രികക്ഷി യോഗത്തിന് മുൻപ് ട്രംപ്, ഷി ജിൻപിങ്ങുമായും പുടിനുമായും വെവ്വേറെ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം സുഗമമാക്കുന്നതിനെക്കുറിച്ചും, അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ കൂടുതൽ വാങ്ങണമെന്ന ആവശ്യത്തെക്കുറിച്ചും ട്രംപ് ചർച്ച ചെയ്തു. തായ‌്വാൻ വിഷയവും സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഷി ജിൻപിങ് ഉന്നയിച്ചു. ചർച്ചയിൽ പുടിനെ “എൻ്റെ സുഹൃത്ത്” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു.

ഉക്രെയ്നെയോ മറ്റ് യൂറോപ്യൻ സഖ്യകക്ഷികളെയോ ഉൾപ്പെടുത്താതെ വൻശക്തികൾ മാത്രം ചേർന്ന് ലോകകാര്യങ്ങൾ തീരുമാനിക്കുന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു കൂടിക്കാഴ്‌ച കൊണ്ട് മാത്രം വലിയ അത്ഭുതങ്ങൾ സംഭവിക്കില്ലെന്നാണ് നയതന്ത്ര വിദഗ്‌ധരുടെ വിലയിരുത്തൽ.

Related Posts