ഐസ്ക്രീം വാനിൻ്റെ ഫ്രീസറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 70 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 700 കോടി രൂപ വിലവരുമെന്നാണ് ഡിആർഐ വൃത്തങ്ങൾ വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന അബ്ദുൾ ഷുക്കൂർ, ഷഫീഖ് അഹമ്മദ് എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാധവരത്തെ ഐസ് ഫാക്ടറിക്ക് സമീപം ഐസ് കയറ്റുന്നതിനായി നിർത്തിയിട്ടിരുന്ന വാഹനം ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.

പരിശോധനയ്ക്കിടെ വാഹനത്തിലെ ഫ്രീസറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ പൊതികൾ കണ്ടെത്തി. വിദഗ്ധമായി പാക്ക് ചെയ്ത് ഫ്രീസറിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

തെക്കൻ തമിഴ്‌നാട് സ്വദേശികളായ പ്രതികൾ നിലവിൽ ചെന്നൈയിലാണ് താമസിക്കുന്നത്. ഇരുവരെയും ബുധനാഴ്ച രാത്രി ആലന്തൂർ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് കടത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Related Posts