ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അക്വാൻ തീവ്ര ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരതൊടുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശ്–യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ നർസാപൂരിനും പുരിക്കുമിടയിലായി കരയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഒഡീഷ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തീരമേഖലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ നവംബർ 21 വരെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ വകുപ്പുകൾ സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി നിർദേശിച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മൽക്കൻഗിരി, കോരാപുട്ട്, രായഗഡ, കലഹണ്ടി, ഗജപതി, ഗഞ്ചം, കന്ധമാൽ, ബൗധ്, പുരി, നയാഗഢ്, ഖുർദ തുടങ്ങിയ ജില്ലകളിൽ രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ആകെ 305 ദ്രുതകർമ സേനാ സംഘങ്ങളെയാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാരുടെ അവധിയും റദ്ദാക്കി.
ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും അടച്ചു. പുരിയിലെ ശ്രീ ഗുണ്ടിച ക്ഷേത്രം നവംബർ 21 വരെ അടച്ചിടും. എന്നാൽ പുരി ജഗന്നാഥ ക്ഷേത്രം തുറന്നുതന്നെയിരിക്കുമെന്നും പതിവ് പൂജാകർമങ്ങൾ നടക്കുമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് മാത്രമേ ഭക്തർ ക്ഷേത്രദർശനത്തിന് എത്താവൂ എന്നും നിർദേശമുണ്ട്.
അക്വാൻ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ ജാർഖണ്ഡിൻ്റെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമായതോടെ ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ 80 മത്സ്യത്തൊഴിലാളികളും പത്ത് ബോട്ടുകളും ഒഡീഷയിലെ ആര്യപ്പള്ളി മത്സ്യബന്ധന കേന്ദ്രത്തിൽ അഭയം തേടി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഈ മേഖലയിലൂടെയുള്ള ട്രെയിൻ സർവീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്.