തലശ്ശേരിയിൽ നിന്ന് മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തു. ഇവിടെ ഹോട്ടൽ തൊഴിലാളിയായിരുന്നു രാജ്‌കുമാർ. ഹോട്ടലിൻ്റെ തൊട്ടടുത്തായിരുന്നു താമസം. എൻഐഎ ഉദ്യോഗസ്ഥർ മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് തൊഴിലാളികൾ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു.

ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്‌കുമാർ പിടിയിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു. രാജ്‌കുമാർ നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് എന്നാണ് വിവരം. കഴുത്തിൽ ചെവിക്കു കീഴെയായി പ്രത്യേക രീതിയിൽ പച്ചകുത്തിയത് എൻഐഎക്ക് തിരിച്ചറിയൽ എളുപ്പമാക്കി. ഏതാനും ദിവസങ്ങളായി രാജ്കുമാറിൻ്റെ നീക്കങ്ങൾ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു.

Related Posts