തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് മരണം. 3 പേർക്ക് പരിക്കേറ്റു. ദർസ് വിദ്യാർഥികളായ വള്ളിക്കുന്ന് സ്വദേശി ഷാഹുൽ ഹമീദ്, വൈലത്തൂർ സ്വദേശി ഉസ്മാൻ എന്നിവരാണ് മരണപ്പെട്ടത്. ഷാഹുൽ ഹമീദ് തിരൂരങ്ങാടിയിലെ എം.കെ.എച്ച് ആശുപത്രിയിലും ഉസ്‌മാൻ അപകടസ്ഥലത്തും വെച്ചാണ് മരിച്ചത്.
വേങ്ങര സ്വദേശി ഫഹദ്, താനൂർ സ്വദേശി സർജാസ്, താനൂർ പുത്തൻതെരു സ്വദേശി അബ്ബാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുരങ്ങാടി, കോട്ടക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
തലപ്പാറ വി.കെ. പടിയിൽ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. കൊളപ്പുറം ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കാർ. ദർസ് പഠനം കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങിയ വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ദേശീയപാതക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.