കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഐടി കമ്പനി ഉന്നത ഉദ്യോഗസ്ഥനെ അയൽവാസി വെടിവെച്ചുകൊന്നു. ഹരിയാനയിലെ ഫരീദാബാദിൽ വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ പരംജീത് ധൻഖർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽ പോയ അയൽവാസി മോനു ശർമയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി രണ്ടുദിവസം മുമ്പാണ് സിംഗപ്പൂരിൽനിന്ന് പരംജീത് നാട്ടിലെത്തിയത്. സിംഗപ്പൂർ ആസ്ഥാനമായ എഫ്പിടി സോഫ്റ്റ്‌വെയർ കമ്പനി ലിമിറ്റഡിൽ സീനിയർ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്.
ഫരീദാബാദിലെ സെക്ടർ 21 സിയിലെ ബഹുനില ഫ്ലാറ്റിന്റെ ഒന്നാം നിലയിലായിരുന്നു പരംജീതും കുടുംബവും താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് പ്രതിയായ മോനു ശർമ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടോടെ ജിമ്മിൽനിന്ന് മടങ്ങിയെത്തിയ പരംജീത് തന്റെ പാർക്കിങ് സ്ഥലത്ത് അയൽവാസിയുടെ കാർ കണ്ടു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ മോനു ശർമ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
15 തവണയോളം വെടിയുതിർത്തതായും ഇതിൽ ഒൻപത് വെടിയുണ്ടകൾ പരംജീതിന്റെ ശരീരത്തിൽ പതിച്ചതായും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷിക്കാനായില്ല.
സംഭവത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാർക്കിങ് തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.